പ്രിയ മോൾക്ക്, ഒരായിരം ചുംബനങ്ങൾ ആ കുഞ്ഞുകവിളുകളിൽ വെച്ച് തരാൻ ഉമ്മയെ ഏല്പിച്ചു കൊണ്ട് നിന്റെ സ്വന്തം അബ്ബ. പ്രിയ മോൾക്ക്, നീ ഭൂമിയിൽ വന്നിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. ഡോക്‌ടറുടെ പ്രവചനത്തേക്കാൾ 20 ദിവസം മുന്നേ നീ പുറത്തേക്ക് വന്നു. ഒന്നര കിലോ തൂക്കം. കൂടെ ഇൻഫെക്ഷനും. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് നിന്നെ ഞങ്ങളുടെ കൈകളിലേക്ക് ഡോക്ടർമാർ തന്നത്. അത് വരെ നീ ഒറ്റക്ക് ഐ സി യു-വിലും ഞാനും ഉമ്മയും പുറത്ത് നിന്നെ ഒരു നോക്ക് കാണാനാവാതെ വിഷമിച്ചും കഴിച്ചു കൂട്ടി. നിന്നെ കയ്യിൽ കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു. സ്വന്തമെന്ന് കരുതുന്നവരുടെ കൂടെയുണ്ടാകുവാൻ കഴിയുക എന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ലല്ലോ ഈ ലോകത്ത്. നിന്റെ കരച്ചിലും നിന്നെ പാലൂട്ടുന്നതും ഞങ്ങൾക്ക് വലിയ ടാസ്‌ക് തന്നെയായിരുന്നു. ഒന്ന് രണ്ട് മാസം നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് നിന്റെ ഉമ്മ. മാനസികമായും ശാരീരികമായും. നീ പതിയെ വളരാൻ തുടങ്ങി. വളരെ പതിയെ തൂക്കം വെച്ചു തുടങ്ങി. തൂക്കം കുറവായിരുന്നെങ്കിലും നീ ആരോഗ്യവതിയായിരുന്നു. കരച്ചിൽ മാറി ഗൗരവവും ഗൗരവം മാറി ചിരിയുമായി. പിന്നെ കളിയും ബഹളവും ഒക്കെയായി നീ ചുറ്റിലുള്ളവരെയെല്ലാം പാട്ടിലാക്കി. നിന്നിലലിഞ്ഞ് ഉമ്മയും അബ്ബയും മുന്നോട്ട് നീങ്ങി. നിന്റെ ഓരോ വളർച്ചയും കണ്ട് കൂടെ നിൽക്കാൻ അബ്ബയ്ക്ക് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ജീവിത യാത്രയിൽ എല്ലാം പടച്ചവൻ എഴുതി വെച്ചപോലെയല്ലേ നടക്കുകയുള്ളൂ. മനം കവരുന്ന പ്രായത്തിൽ നിന്നെ അവിടെയാക്കി ഖത്തറിലേക്ക് പോകാനായിരുന്നു അബ്ബയുടെ വിധി. ഈ വിധിയിൽ അല്ലാഹു നിധിയൊളുപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് അബ്ബ ഉറച്ചു വിശ്വസിക്കുന്നു. നിന്റെ ചിരിയും കളിയും കൊഞ്ചലും ഇനിയുമാവോളം അനുഭവിക്കാൻ അല്ലാഹു നമ്മെ എത്രെയും പെട്ടെന്ന് ഒരുമിപ്പിക്കട്ടെ എന്നാണ് ഇപ്പോൾ പ്രാർത്ഥന. ഒരു വയസ്സാകുമ്പോൾ നിനക്കൊരായിരം ഉമ്മകളും തന്ന് നിന്നെ തന്ന പടച്ചവനെ നിർത്താതെ സ്തുതിക്കുകയാണ് ഈ അബ്ബ. അബ്ബയുടെ സ്നേഹം നിന്നെ തൊടുന്നില്ലെങ്കിലും പ്രാർത്ഥനകളായി എന്നും നിന്റെയൊപ്പമുണ്ടാകും.